ശിശുദിനസ്റ്റാമ്പ്

ശിശുദിനസ്റ്റാമ്പ്

ശിശുദിനസ്റ്റാമ്പ്

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക ഫണ്ട് ശിശുദിനസ്റ്റാമ്പിന്റെ വില്‍പനയില്‍ നിന്നുള്ള തുക മാത്രമാണ്. കുഞ്ഞുങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് നേരിട്ട് തുക അനുവദിക്കാമെങ്കിലും കുട്ടികളെ സഹായിക്കാന്‍ കുട്ടികള്‍ക്ക് തന്നെ അവസരമൊരുക്കുക എന്നതാണ് ശിശുദിനസ്റ്റാമ്പിന് പിന്നിലുള്ള വലിയ ആശയം. തങ്ങള്‍ക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളും ഉണ്ടെന്ന് കുട്ടികള്‍ അറിയുക, പരസ്പര സഹവര്‍ത്തിത്വം, സഹായം, സഹജീവി സ്നേഹം തുടങ്ങിയ നന്മകള്‍ കുട്ടികളില്‍ വളര്‍ത്തുക എന്നിവയും ശിശുദിനസ്റ്റാമ്പിന്റെ വില്പനയിലൂടെ ലക്ഷ്യമിടുന്നു.

ശിശുദിനസ്റ്റാമ്പ് രൂപകല്പന ചെയ്യാനുള്ള അവസരവും കുട്ടികള്‍ക്കാണ്. സംസ്ഥാനത്തിനുള്ളിലുള്ള ഒന്‍പത് മുതല്‍ 17 വയസുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ രചനയില്‍ നിന്നാണ് ശിശുദിനസ്റ്റാമ്പ് തിരഞ്ഞെടുക്കുന്നത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 ന് സ്റ്റാമ്പ് ഉദ്ഘാടനം ചെയ്യുന്നു. സ്റ്റാമ്പ് സ്വീകരിക്കുന്ന കുട്ടികളില്‍ നിന്നുമുള്ള തുക ശേഖരിച്ച് ശിശുക്ഷേമരംഗത്ത് – പ്രത്യേകിച്ച് അമ്മത്തൊട്ടിലുകള്‍ വഴിയും മറ്റും ഉപേക്ഷിക്കപ്പെടുന്ന ബാല്യങ്ങളുടെ ദത്തെടുക്കല്‍ പൂര്‍ത്തിയാക്കുന്നത് വരെയുള്ള ദൈനംദിന ചിലവുകള്‍ക്കും സംരക്ഷണത്തിനും ചികിത്സയ്ക്കും ഉപയോഗപ്പെടുത്തുവാനുള്ള അനുമതി ശിശുക്ഷേമസമിതിയ്ക്ക് ഉണ്ട്. അഞ്ച് പൈസയായിരുന്നു ആദ്യകാലത്ത് ശിശുദിനസ്റ്റാമ്പിന്റെ മൂല്യം. ഇപ്പോള്‍ അത് 10 രൂപയാണ്.